അന്യൂനമായ മാര്‍ഗദര്‍ശനം


ഐഹിലോകത്ത് രക്ഷയും സമാധാനവും ആഗ്രഹിക്കാത്ത മനുഷ്യനില്ല. അപകടങ്ങള്‍, രോഗങ്ങള്‍, ദാരിദ്ര്യം, അറിവില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങി വിഷമകരമായ എല്ലാ കാര്യങ്ങളില്‍നിന്നും എല്ലാവരും രക്ഷയാഗ്രഹിക്കുന്നു. മരണത്തില്‍നിന്നു പോലും മനുഷ്യന്‍ രക്ഷനേടാന്‍ കൊതിക്കുന്നു. എന്നാല്‍ അത് അനിഷേധ്യമായ യാഥാര്‍ഥ്യമാണെന്ന തിരിച്ചറിവില്‍ ആയുസ്സ് നീട്ടിക്കിട്ടണേ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന. ഇഹലോകജീവിതം നശ്വരമാണെന്നും മരണം സുനിശ്ചിതമാണെന്നും തിരിച്ചറിയുന്ന മനുഷ്യന്‍ മരണശേഷമുള്ള തന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. തന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയേണ്ടതുണ്ട്.

ഐഹിക ജീവിതത്തിന്റെ ക്ഷണികതയും മനുഷ്യന്റെ നിസ്സാരതയും മനസ്സിലാക്കുന്നവര്‍ക്ക് ഭൗതികതയുടെ വര്‍ണശബളിമയില്‍ മയങ്ങി ജീവിക്കുവാന്‍ കഴിയില്ല. ഒരു വഴിയാത്രക്കാരന്‍ ക്ഷീണമകറ്റാന്‍ മരത്തണലിലോ വിശ്രമകേന്ദ്രത്തിലോ തങ്ങുമ്പോള്‍ അയാളുടെയും മനസ്സില്‍ എത്രയും വേഗം വീട്ടില്‍ തിരിച്ചെത്തണമെന്ന ചിന്തയായിരിക്കും. അതുപോലെയായിരിക്കണം ഒരു സത്യവിശ്വാസി ഇഹലോകത്ത് ജീവിക്കേണ്ടത്. മരണമെന്ന യാഥാര്‍ഥ്യം മറന്നുകൊണ്ട് ഇവിടെ ശാശ്വതനെന്ന മട്ടില്‍ ജീവിക്കരുത്. ഇന്നല്ലെങ്കില്‍ നാളെ മടങ്ങേണ്ടിവരും. ആ മടക്കദിവസവും സമയവും തീരുമാനിക്കുന്നത് നമ്മളല്ല; സ്രഷ്ടാവാണ്. ദൈവവിശ്വാസികളും ദൈവനിഷേധികളുമൊക്കെ അവനവന് നിശ്ചയിക്കപ്പെട്ട സമയംവരുമ്പോള്‍ മടങ്ങിപ്പോയേ തീരൂ.

അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മരണവും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങളും നിര്‍ദേങ്ങളും കല്‍പനകളും അനുസരിച്ചു ജീവിക്കുവാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അനുഗ്രഹങ്ങള്‍ നല്‍കിയ സ്രഷ്ടാവിനോടു നാം കാണിക്കുന്ന നന്ദിയാണ് അവനെ മാത്രം ആരാധിക്കുക എന്നത്. അല്ലാഹു പറയുന്നു: ''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍....'' (ക്വുര്‍ആന്‍ 2: 21).

അതുകൊണ്ടുതന്നെ ആരാധനയുടെ പരിധിയില്‍ വരുന്ന യാതൊന്നും അല്ലാഹുവിനല്ലാതെ അര്‍പ്പിക്കാന്‍ പാടില്ല. പ്രാര്‍ഥനയാകുന്നു ആരാധനയുടെ ആത്മസത്ത. ലോകത്ത് ആരാധിക്കപ്പെടുന്ന, സാക്ഷാല്‍ പ്രപഞ്ച സ്രഷ്ടാവല്ലാത്ത എല്ലാതും ആ സ്രഷ്ടാവിന്റെ സൃഷ്ടികളാണ്; അവരാരും ഒന്നും സൃഷ്ടിച്ചവരല്ല. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്; ദൈവത്തിനൊഴികെ. അവന്‍ മാത്രമാണ് സര്‍വജ്ഞന്‍. സ്രഷ്ടാവിനു മാത്രമെ സൃഷ്ടികളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പൂര്‍ണമായ അറിവുണ്ടാകൂ. അതുകൊണ്ട് ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. അവന്റെയും അവന്‍ നിയോഗിച്ച അന്തിമദൂതന്റെയും കല്‍പനകളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കുവാന്‍ മനുഷ്യരെല്ലാം ബാധ്യസ്ഥരാണ്. അതാണ് ഇഹത്തിലും പരത്തിലുമുള്ള രക്ഷയുടെ മാര്‍ഗം.

യഥാര്‍ഥ ദൈവമായ അല്ലാഹുവിനെ വിട്ട് സൃഷ്ടികളെ ആരാധിക്കുന്നത് മഹാപാതകമാണെന്നും അല്ലാഹു അത് ഒരിക്കലും പൊറുക്കില്ലെന്നും അവര്‍ക്ക് നരകം ഉറപ്പാണെന്നും വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്'' (72:18). 'തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65).

വിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത് അഥവാ നബിചര്യ. നബി ? യെ അനുസരിക്കല്‍ നമ്മുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: ''ആര്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയും അവന്റെ (നിയമ)പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരഗാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്'' (4:14).

ആരാധനയ്ക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവന്‍ ആ ആരാധ്യന്റെ മുഴുവന്‍ കല്‍പനാനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുവാന്‍ തയാറാകുമെന്നതില്‍ സംശയമില്ല. അവന്‍ സത്യവും ധര്‍മവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനായിരിക്കും. അവനെക്കുറിച്ച് ആര്‍ക്കും നല്ലതേ പറയുവാനുണ്ടാകൂ. ഉന്നത വിദ്യാഭ്യാസംകൊണ്ടും ഉയര്‍ന്ന ജോലി കൊണ്ടുമൊന്നും മനുഷ്യന്‍ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവര്‍ക്കേ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന 'മനുഷ്യ'നായി മാറുവാന്‍ കഴിയൂ; നന്മയുടെ ജീവിക്കുന്ന ഉദാഹരണമായി മാറുവാന്‍ കഴിയൂ. അത്തരം ആളുകള്‍ക്കേ പരലോകത്ത് രക്ഷ ലഭിക്കുകയുള്ളൂ. കാരണം അവര്‍ നന്മകള്‍ ചെയ്യുന്നത് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് മാത്രമായിരിക്കും.

''നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെത്തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍'' (24:55).

'തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മുറിഞ്ഞ് പോവാത്ത പ്രതിഫലമുള്ളത്'' (41:8).

സല്‍കര്‍മങ്ങള്‍ വിശ്വാസത്തിന്റെ അഥവാ ശരിയായ വിശ്വാസത്തിന്റെ അനിവാര്യഫലങ്ങളാണ് എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. നന്മയും തിന്മയും സമമല്ല എന്നും നന്മ ചെയ്തവര്‍ക്കും തിന്മ ചെയ്തവര്‍ക്കും ഒരേ അവസ്ഥയല്ല മരണാനന്തരം ഉണ്ടായിരിക്കുക എന്നും അറിയിക്കുന്നു.

''അതല്ല, തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ'' (45:21).

ഇഹലോകത്തും പരലോകത്തും രക്ഷയേകുന്ന കാര്യങ്ങളാണ് ദൈവിക മതമായ ഇസ്ലാം പഠിപ്പിക്കുന്നത്. ഇരുലോകത്തും ദോഷകരമായ കാര്യങ്ങളാണ് ഇസ്ലാം നിരോധിച്ചിട്ടുള്ളത്. അതിന്റെ ഒരു നിയമവും നിര്‍ദേശവും മാനവിക വിരുദ്ധമല്ല. വ്യഭിചാരത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു:

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു'' (17:32).

മദ്യം, ചൂതാട്ടം പോലുള്ള തിന്മകളെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (5:90).

മോഷണം, ഏഷണി, പരദൂഷണം, കൊലപാതകം, അഹങ്കാരം തുടങ്ങി എന്തെല്ലാം ദുസ്സ്വഭാവങ്ങളും തിന്മകളുണ്ടോ അതെല്ലാം ഇസ്ലാം വിരോധിക്കുന്നു. പരലോക രക്ഷയാഗ്രഹിക്കുന്നവര്‍ക്ക് അവയെല്ലാം വെടിയാതിരിക്കാന്‍ കഴിയില്ല.

''തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. അതായത് താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം'' (20:74-76).

ആത്യന്തിക വിജയം നേടുവാന്‍ സാധിക്കുക ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി പരലോകം മറന്ന് ജീവിച്ചവര്‍ക്കല്ലെന്നും സ്വര്‍ഗ പ്രാപ്തിയാണ് ഏറ്റവും വലിയ വിജയമെന്നും ഇസ്ലാം മുന്നറിയിപ്പ് നല്‍കുന്നു: ''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (3:185).

പോസ്റ്റ് ഷെയർ ചെയ്യൂ