പ്രമാണങ്ങളെ പരിഹസിക്കുന്നവരോട്

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ റസൂലിന്റെ സുന്നത്തിനെയും പരിഹസിക്കലും ദുര്‍വ്യാഖ്യാനിക്കലും ഒരു രോഗമായി പടര്‍ന്നുപിടിക്കുകയാണിന്ന് മുസ്‌ലിം സമൂഹത്തില്‍. 'ആധുനിക ലോകത്തിലെ മുസ്‌ലിം' ആയിത്തീരണമെങ്കില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാന്‍ പാടില്ല, ബുദ്ധിപരമായി വ്യാഖ്യാനിച്ച് അവയെ 'ആധുനിക'മാക്കേണ്ടതുണ്ട് എന്ന എന്ന ചില 'പണ്ഡിത(?)'ന്മാരുടെ തലതിരിഞ്ഞ ചിന്താഗതി സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്‌ലാമിനോട് കൂറുള്ള ഒരാള്‍ക്കും ചിന്തിക്കാതിരിക്കാന്‍ കഴിയില്ല.

ക്വുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും പരിഹസിക്കുന്നതിന്റെയും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അനുചരന്മാരുടെയും പേരില്‍ കള്ളം പറയുന്നതിന്റെയും ഗൗരവം അറിയാത്തവരല്ല അത്തരത്തിലുള്ള ധിക്കാരത്തിന് തുനിയുന്നത് എന്ന കാര്യം വിസ്മരിച്ചുകൂടാ. സംഗീതം ആസ്വദിക്കാന്‍ ക്വുര്‍ആനില്‍ തെളിവുണ്ട്, സ്വഹാബികള്‍ ഹാര്‍മോണിയം ഉപയോഗിച്ച് പാട്ടുകള്‍ പാടിയിരുന്നു, അക്കാര്യം ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്, സിഹ്‌റിന്റെ ഹദീസിന്റെ നിവേദകരില്‍ സ്വഹാബിയില്ല തുടങ്ങിയ കള്ളങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ട് ചില പണ്ഡിതന്മാര്‍ തങ്ങളുടെ വികലവീക്ഷണങ്ങള്‍ക്ക് തെളിവുനിരത്താന്‍ പാടുപെട്ട കാഴ്ച അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

ക്വുര്‍ആന്‍ വചനത്തെയോ ഹദീസിനെയോ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ദിക്‌റുകെളയോ പരിഹസിക്കുന്നതും നിഷേധിക്കുന്നതും ദുര്‍വ്യാഖ്യാനിക്കുന്നതും അല്ലാഹുവിനെ നിഷേധിക്കലാണ്. കാരണം റുബൂബിയ്യത്തിനെയും പ്രവാചകത്വത്തെയും നിസ്സാരവത്കരിക്കലും തൗഹീദിന്ന് വിരുദ്ധവുമാണത്. അല്ലാഹു പറയുന്നു: 'നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ആയത്തുകളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴിവ്കഴിവൊന്നും പറയേണ്ട. വിശ്വസിച്ചതിനു ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പ് നല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന്, അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്'' (9: 6566).

നബി ? യെയും സ്വഹാബത്തിനെയും ചില യുദ്ധരംഗങ്ങളില്‍ മുനാഫിക്വുകള്‍ പരിഹസിച്ചതിന്റെ ഫലമായാണ് ഈ ആയത്തുകള്‍ അവതരിച്ചതെന്ന് കാണുവാന്‍ സാധിക്കും. ഇബ്‌നു ഉമര്‍, മുഹമ്മദ്ബ്‌നു കഅ്ബ്, സ!!!ൈ!ദ്ബ്‌നു അസ്‌ലം ഖതാദ (റ) തുടങ്ങിയവരില്‍ നിന്നും ഇബ്‌നു ജരീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'തബൂക്ക് യുദ്ധത്തിലാണ് ഒരാള്‍ ഇത് പറഞ്ഞത്: 'യുദ്ധരംഗങ്ങളില്‍ ഓത്തുകാരായ ഈ ആളുകളെക്കാള്‍ വലിയ ഭീരുക്കളെയും നുണയന്മാരെയും ഞങ്ങള്‍ കണ്ടിട്ടില്ല (നബി ? യും സ്വഹാബത്തും)'. അപ്പോള്‍ ഔഫുബ്‌നു മാലിക് അയാളോട് പറഞ്ഞു: 'നീ പറഞ്ഞത് നുണയാണ്. നീ മുനാഫിക്വുമാണ്. നബി ? യോട് ഞാനിക്കാര്യം പറയുകതന്നെ ചെയ്യും.' ഔഫ്(റ) നബി  ? യുടെ അടുക്കലേക്ക് പോയി. പക്ഷേ, അതിനു മുമ്പ് ക്വുര്‍ആന്‍ അവതരിച്ച് കഴിഞ്ഞിരുന്നു... ശേഷം ഈ വ്യക്തി (മുനാഫിക്വ്) നബി ? യുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: 'ഞങ്ങള്‍ തമാശ പറഞ്ഞ് കളിക്കുക മാത്രമായിരുന്നു.' അപ്പോള്‍ നബി ?  അയാളോട് പറഞ്ഞു: 'അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴിവ്കഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിനു ശേഷം നിങ്ങള്‍ അവിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു'' (അത്തൗബ 65,66).

അല്ലാഹുവിനെയും അവന്റെ റസൂലിനെയും അഥവാ ക്വുര്‍ആന്‍ ആയത്തുകളെയും പ്രവാചക ചര്യയെയും സ്വഹാബത്തിനെയും പരിഹസിക്കുന്നവന്‍ സത്യനിഷേധികളാണെന്നതിനുള്ള വ്യക്തമായ രേഖയാണ് ഉപരിസൂചിത വചനങ്ങള്‍. അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തെയും പ്രവാചകന്റെ ദൗത്യത്തെയും നിസ്സാരവത്കരിക്കലാണത്.


 

പോസ്റ്റ് ഷെയർ ചെയ്യൂ