മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ഇനിമുതല്‍ രാത്രി ഒമ്പതരയ്ക്കുള്ളില്‍ ഹോസ്റ്റലില്‍ തിരികെ കയറണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിടേണ്ട കാര്യമില്ലെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്കുമാത്രമെന്തിനെന്നും ഹൈക്കോടതി ചോദ്യം ചെയ്ത ഘട്ടത്തിലാണ് ഇരുകൂട്ടര്‍ക്കും 9:30 ആക്കി സമയം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമല്ലെന്ന് ഇതേ തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു. ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ഇടമല്ല; പഠിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലുകളില്‍ ഉള്ളത്. രാത്രി 9 മണിക്ക് കോളേജിലെ ലൈബ്രറികള്‍ അടക്കും. പിന്നീട് പഠനാവശ്യത്തിന് പുറത്തു പോകേണ്ടതില്ല. അതിനാല്‍ 9:30ന് ഹോസ്റ്റല്‍ അടക്കുന്നതില്‍ തെറ്റില്ല എന്ന് ആരോഗ്യസര്‍വകലാശാല കോടതിയെ അറിയിക്കുകയായിരുന്നു. 25 വയസ്സ് പ്രായം എത്തുമ്പോഴാണ് ഒരാള്‍ക്ക് പൂര്‍ണമായ പക്വത കൈവരുന്നത് എന്ന് പല രാജ്യാന്തര പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഇതിന് താഴെ പ്രായമുള്ളവര്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പഠന കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ സമാധാനം നല്‍കുന്ന ഒരു നിലപാടാണ് സര്‍വകലാശാല സ്വീകരിച്ചിട്ടുള്ളത് എന്ന് പറയാതെ വയ്യ. എന്നാല്‍ ലിബറല്‍ ചിന്തകള്‍ക്ക് അടിമപ്പെട്ടവര്‍ പഠന സ്വാതന്ത്ര്യത്തിന്റെ വാദമുയര്‍ത്തി ഈ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്! കഴുകക്കണ്ണുള്ള പുരുഷന്മാര്‍ക്ക് കൊത്തിവലിക്കാന്‍ പാകത്തില്‍ രാത്രികളില്‍ സ്ത്രീകളെ തെരുവിലിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചാനല്‍ അവതാരകന്മാര്‍ ഈ വിഷയം ഏറ്റെടുത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു.
'നായ കടിക്കുമെന്ന് കരുതി റോഡില്‍ ഇറങ്ങുന്നവരെയെല്ലാം കെട്ടിയിടാനാവുമോ? നായയെ ചങ്ങലക്കിടുകയല്ലേ വേണ്ടത്' എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ശരിയാണ്, നായയെ പിടിച്ചുകെട്ടണം. അതോടൊപ്പം, നായയുടെ അരികിലേക്ക് ചെല്ലാതിരിക്കാനും ശ്രദ്ധിക്കണം. ഡ്രൈവര്‍ ശ്രദ്ധിക്കുമെന്ന് കരുതി റോഡിലൂടെ നടക്കുന്ന നമുക്ക് ജാഗ്രത ഒട്ടും വേണ്ടതില്ലേ? കള്ളനെ പിടിക്കല്‍ പോലീസിന്റെ ബാധ്യതയാണെന്നു പറഞ്ഞ് വീട് പൂട്ടാതിരിക്കാനാവുമോ? കോവിഡ് വ്യാപിച്ചപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടൂ എന്ന് പറഞ്ഞ് നമ്മള്‍ മാസ്‌ക് ധരിക്കാതിരുന്നോ?
അക്രമികള്‍ ആരുമാകട്ടെ, അവരെ നിയന്ത്രിക്കണം, അതോടൊപ്പം നമ്മള്‍ ജാഗ്രത പാലിക്കുകയും വേണം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത്. പ്രണയക്കൊലയും ലഹരിയും മറ്റു അനാശാസ്യങ്ങളും സര്‍വ നിയന്ത്രണങ്ങളും തകര്‍ത്ത് കുതിച്ചുയരുമ്പോള്‍ കൗമാരപ്രായക്കാര്‍ക്ക് അല്‍പം നിയന്ത്രണം ആവശ്യമാണെന്ന കാര്യത്തില്‍ ശരാശരിക്ക് മുകളില്‍ ചിന്തിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ല. മക്കളെ പഠിക്കാനയച്ച നല്ലൊരു ശതമാനം രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ഇതാണ്. രാത്രി തിയേറ്ററുകളിലും മറ്റും കാമുകനോടപ്പവും കാമുകിയോടൊപ്പവും ചുറ്റിക്കറങ്ങി ശീലച്ചവര്‍ക്ക് രാത്രി 9:30 ന് ഹോസ്റ്റലില്‍ തിരിച്ചെത്തണമെന്ന സര്‍ക്കുലര്‍ തലവേദനയുണ്ടാക്കുക സ്വാഭാവികമാണ്.
ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 'എന്റെ ശരീരം എന്റെ അവകാശമാണ്' എന്ന് വാദിക്കുന്ന, അതിനുവേണ്ടി കൊടിപിടിക്കുന്ന ലിബറലുകള്‍ ഇന്ന് ഇത്തരം ആശയങ്ങള്‍, നിഷ്‌കളങ്കരായി ക്യാമ്പസുകളില്‍ എത്തുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥിവിദ്യാര്‍ഥിനികളുടെ മനസ്സില്‍വരെ വളരെ ബോധപൂര്‍വം 'ഇഞ്ചക്ട്' ചെയ്യുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതിനെ തുടര്‍ന്നാണ് ധാര്‍മികതയ്ക്കും സദാചാര മൂല്യങ്ങള്‍ക്കും മതബോധത്തിനുമൊന്നും യാതൊരു വിലയും കല്‍പിക്കാതെ യുക്തിചിന്തയുടെയും സ്വതന്ത്രതാവാദത്തിന്റെയും ആളുകളായി കുട്ടികള്‍ മാറ്റപ്പെടുന്നത്.
ഏതാനും ലിബറലുകള്‍ മുദ്രാവാക്യം വിളിക്കുമ്പോഴേക്കും സര്‍വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞ നിലപാടില്‍ നിന്ന് പുറകോട്ട് പോകരുത്, സര്‍ക്കാര്‍ സമ്മര്‍ദത്തിന് വിധേയമായി എടുത്ത തീരുമാനം മാറ്റുകയും ചെയ്യരുത് എന്നാണ് പറയാനുള്ളത്.
Contact us
+917356766478