പാരന്റിംഗ് ലൈംഗിക വളര്‍ച്ചയും സംസ്‌കരണ വഴികളും

ശാരീരിക വളര്‍ച്ചയോടൊപ്പം കുട്ടികളില്‍ സമാന്തരമായി സംഭവിക്കുന്ന മറ്റൊരു വളര്‍ച്ചയാണ് ലൈംഗിക വളര്‍ച്ച. വളര്‍ച്ചയോടൊപ്പം സുരക്ഷയും  സംസ്‌കരണവും അനിവാര്യമായി ചേര്‍ത്തുവെക്കേണ്ട ഒന്നാണ് കുട്ടികളിലെ  ലൈംഗിക വളര്‍ച്ച. ഈ വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.
മനുഷ്യ വളര്‍ച്ചയില്‍ എല്ലാ തലങ്ങളിലും അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായകമാവും വിധമാണ് ഇസ്‌ലാം അതിന്റെ എല്ലാ അധ്യാപനങ്ങളും മനുഷ്യന് സമര്‍പ്പിക്കുന്നത്. അതിനെ എല്ലാ അര്‍ഥത്തിലും ജീവിതമാര്‍ഗമായി സ്വീകരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല. എന്ന് മാത്രമല്ല അല്ലാഹു ഏതൊരു പ്രകൃതിയില്‍ മനുഷ്യനെ സൃഷ്ടിച്ചുവോ ആ ശുദ്ധപ്രകൃതി നിലനില്‍ക്കാന്‍ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തോളം അനുയോജ്യമായ മറ്റൊരു അധ്യാപനവും മാനവകുലത്തിന്റെ  മുമ്പില്‍ ഇല്ലതാനും.
കുട്ടികളുടെ വൈവിധ്യമാര്‍ന്ന വളര്‍ച്ചകളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതുമായ പ്രവാചകാധ്യാപനങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഏറെ പ്രധാനപ്പെട്ടതും എന്നാല്‍ രക്ഷിതാക്കള്‍ക്ക് വലിയ ഭാഗധേയമൊന്നുമില്ലെന്ന് നമ്മളിലധികപേരും ധരിച്ചുവെച്ചുതുമായ മേഖലയാണ് കുട്ടികളിലെ ലൈംഗിക വളര്‍ച്ചയും അതിന്റെ സംസ്‌കരണ വഴിയില്‍ ഇസ്‌ലാം നല്‍കുന്ന വെളിച്ചവും. അതിരുകളോ വിലക്കുകളോ വേണ്ടാത്ത 'സുരക്ഷിത രതി'യിലേക്കു കേരളമടക്കം കുഞ്ഞുങ്ങളെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പുകമറയില്‍ ആട്ടിത്തെളിക്കുമ്പോള്‍ ലൈംഗിക വളര്‍ച്ചയും അത് പൂര്‍ണമാകുമ്പോള്‍  മാത്രം  ലഭ്യമാക്കേണ്ട   'ഹലാല്‍ രതി'യും മനുഷ്യന് എത്ര പ്രധാനപ്പെട്ടതും സുരക്ഷിതവുമാണെന്നു ദൈവിക മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ മക്കള്‍ക്ക് ഗ്രാഹ്യമാവേണ്ടതുണ്ട്. അതോടൊപ്പം അനുവദനീയതയ്ക്കപ്പുറത്തുള്ള ലൈംഗികതയും ലൈംഗിക വൈകൃതങ്ങളും സ്വജീവിതത്തിലും സമൂഹത്തിലും എത്രവലിയ അപകടമാണ് വരുത്തിവെക്കുന്നതെന്നും ഈ വിഷയത്തില്‍ അല്ലാഹുവിന്റെ ശിക്ഷ എത്ര ഭയാനകമാണെന്നും കുട്ടികള്‍ അറിഞ്ഞു വളരേണ്ടതുണ്ട്. അതിന്നു സഹായകമാവുന്ന ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ചിലതാന് ഇവിടെ നാം അന്വേഷിക്കുന്നത്.
കാരുണ്യവാനായ അല്ലാഹു ഒരു മനുഷ്യക്കുഞ്ഞിന് ജീവന്‍ നല്‍കി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കയക്കുമ്പോള്‍ ശരീരത്തിലെ ചിലതിനെ അല്ലാഹു വൈകിപ്പിച്ചത് കാണാന്‍ കഴിയും. പല്ലുകളും ലൈംഗിക വളര്‍ച്ചയുമെല്ലാം അതില്‍ പെട്ടതാണ്. അതിന്റെ ഉപയോഗത്തിന് പാകപ്പെടുന്നതു വരെ കരുണാമയനായ റബ്ബ് അത് വൈകിപ്പിക്കുകയാണ്. അതിനാല്‍ത്തന്നെ സമയമെടുത്തു സാവധാനം വളര്‍ച്ച പ്രാപിക്കുന്ന ഒരു ശാരീരിക പക്രിയയാണ് മനുഷ്യനിലെ ലൈംഗികത. കുഞ്ഞുങ്ങളില്‍  ശാരീരിക വളര്‍ച്ചയുടെ ഏറ്റവ്യത്യാസത്തിനനുസരിച്ച് കൗമാരത്തോടുകൂടി ശക്തിയായോ ദുര്‍ബലമായോ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതാണ് ലൈംഗിക വളര്‍ച്ചയും അതിന്റെ തൃഷ്ണയും. ശാരീരിക പുഷ്ടിക്കും പ്രകൃതിക്കുമനുസരിച്ച് ആന്തരികമായി അവ നിര്‍മിക്കപ്പെടുകയും പരിസരത്തിന്റെ പ്രചോദനകള്‍ അതിനെ ത്രസിപ്പിക്കുകയും ചെയ്യുന്നു. ആന്തരിക വളര്‍ച്ചയോടൊപ്പം വിമലീകരിക്കപ്പെട്ട ബാഹ്യമായ പരിസരത്തെ സൃഷ്ടിക്കുന്നതിലൂടെ മാത്രമെ സുരക്ഷിതമായ ലൈംഗിക വളര്‍ച്ച മക്കളില്‍ സാധ്യമാവുകയുള്ളൂ. ഇവിടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ ഭാഗധേയം നിര്‍വഹിക്കാുണ്ട്. ഇസ്‌ലാമിന്റെ ഈ രംഗത്തുള്ള അധ്യാപനങ്ങളെ ശീലിപ്പിക്കുക എന്നതാണ് വിമലീകരിക്കപ്പെട്ട ലൈംഗിക വളര്‍ച്ചയുടെ ഏക വഴി. അതിന്റെ ചുവടുവയ്പുകള്‍ കുഞ്ഞുകാലം മുതല്‍ തുടങ്ങേണ്ടതുണ്ടെന്നാണ് ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചം. ശാസ്ത്രീയവും  പ്രായോഗികവും അതോടൊപ്പം പുണ്യകരവുമായ ആ ചുവടുവയ്പുകള്‍ നമുക്ക് പരിശോധിക്കാം.
ഒന്ന്) വകതിരിവ് എത്തിയ കുഞ്ഞുങ്ങള്‍ പ്രവേശനാനുമതി തേടല്‍
കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം കഴിച്ചുകൂട്ടുന്നത് സ്വന്തം വീടുകളിലാണ്. വീടിന്റെ നാനാ ഭാഗങ്ങളിലും സദാ വിഹരിച്ചുകൊണ്ടേയിരിക്കും അവര്‍. എല്ലാ സമയത്തും എല്ലായിടത്തും അനുവാദം തേടി പ്രവേശിക്കുക പ്രയാസമാണ്. അതിനാല്‍  കുട്ടികള്‍ക്കു വിശുദ്ധ ക്വുര്‍ആന്‍ ഏറ്റവും അനിവാര്യമായ മൂന്നു സമയങ്ങള്‍ നിജപ്പെടുത്തി നല്‍കുകയും ആ സമയങ്ങളില്‍ മാത്രം മാതാപിതാക്കളുടെയോ മറ്റു മുതിര്‍ന്നവരുടെയോ കിടപ്പറകളിലേക്ക് പ്രവേശിക്കുമ്പോള്‍ അനുവാദം തേടണമെന്ന് നിര്‍ദേശിച്ചു. അതി രാവിലെ പ്രഭാത നമസ്‌കാരത്തിന് മുമ്പുള്ള സമയം, ഉച്ചമയക്കത്തിനായി കിടപ്പറകളില്‍ ചെല്ലുന്ന നേരം, രാത്രി ഇശാഅ് നമസ്‌കാരാനന്തരം ഉറങ്ങാന്‍ പ്രവേശിക്കുന്ന നേരം ഇത് മൂന്നും മാതാപിതാക്കളും  വീട്ടിലെ മറ്റു ദമ്പതികളും കിടപ്പറയില്‍ ചെല്ലുന്നതും അവരുടെ സ്വകാര്യതകളില്‍ ഏര്‍പ്പെടാന്‍ സാധ്യത കൂടുതലുള്ളതുമായ സമയങ്ങളാണ്.
അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവയ്ക്കുന്ന സമയത്തും, ഇശാഅ് നമസ്‌കാരത്തിന്ുശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റിനടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു' (അന്നൂര്‍ 58,59).
ഈ സമയങ്ങള്‍ നിര്‍ണയിച്ചു നല്‍കിയത് കുട്ടികളുടെ ദൃഷ്ടികളില്‍ കുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ അപ്രതീക്ഷിതമായി പതിയാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ്. മനുഷ്യന്റെ ഉള്ളും പുറവും അറിയുന്ന അല്ലാഹു നിര്‍ദേശിച്ചുതരുന്നതെല്ലാം മുഖവിലക്കെടുക്കുമ്പോള്‍, അപരിഹാര്യമായ അപകടങ്ങളില്‍ ചെന്ന് ചാടുന്നതില്‍നിന്ന് നാം രക്ഷെപ്പെടുന്നു. പക്ഷേ, അധിക രക്ഷിതാക്കളും 'കുട്ടികളല്ലേ' എന്ന രീതിയില്‍ ഇതെല്ലാം അവഗണിക്കുന്നു. കുട്ടികള്‍ വേണ്ടത്ര വളര്‍ച്ചയും പക്വതയും പ്രാപിക്കും മുമ്പ് നഗ്നതകള്‍ കാണുന്നതും ലൈംഗിക ലീലകള്‍ ദൃഷ്ടിയില്‍ പെടുന്നതും ഒട്ടനവധി മാനസിക, ശാരീരിക പ്രതിസന്ധികളിലേക്ക് അവരെ തള്ളിവിടും. എളുപ്പത്തില്‍ ശമനം നേടാന്‍ സാധിക്കാത്ത മാനസിക രോഗത്തിലേക്കുവരെ ഇത്തരം കാഴ്ചകള്‍ അവരെ എത്തിച്ചേക്കും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കാണ് ഈ സമയ നിര്‍ണയം. എന്നാല്‍ വകതിരിവും പ്രായപൂര്‍ത്തിയും എത്തിയവര്‍ എപ്പോഴും അനുവാദം തേടി മാത്രമെ അകത്ത് പ്രവേശിക്കുവാന്‍ പാടുള്ളു.
കുട്ടികള്‍ എവ്വിധമാണ് അനുവാദം ചോദിക്കേണ്ടതെന്ന് നബി(സ്വ) തന്റെ, കുട്ടിയായ ഭൃത്യന് പഠിപ്പിച്ചു കൊടുത്തുകൊണ്ട് നമുക്ക് വെളിച്ചം നല്‍കുന്നുണ്ട്. ഇമാം ബുഖാരി തന്റെ അദബുല്‍ മുഫ്‌റദ് എന്ന ഹദീസ് സമാഹാരത്തില്‍ അനസി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: 'ഞാന്‍ നബി(സ്വ)യുടെ സേവകനായിരുന്നു. ഞാന്‍ അനുവാദമില്ലാതെതന്നെ നബിയുടെ അടുത്ത് പ്രവേശിക്കാറുണ്ടായിരുന്നു. ഒരുദിനം ഞാന്‍ അവ്വിധംതന്നെ ചെന്നു. അപ്പോള്‍ നബി(സ്വ) ചോദിച്ചു: 'ഇപ്പോഴും നീ ഇങ്ങനെയാണോ? നിനക്കു ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ അനുവാദം ചോദിക്കാതെ പ്രവേശിക്കരുത്.'
എന്നാല്‍  നഗ്നതയും സൗന്ദര്യവും വൈരൂപ്യവും ഒന്നും വേറിട്ടു മനസ്സിലാക്കാന്‍ വളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ഈ വിധി ബാധകമല്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: 'സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദര പുത്രന്‍മാര്‍, അവരുടെ സഹോദരീപുത്രന്‍മാര്‍, മുസ്‌ലിംകളില്‍നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം' (അന്നൂര്‍ 31).
കുട്ടികളുടെ ലൈംഗിക വളര്‍ച്ചയോടൊപ്പം സംസ്‌കരണവും സാധ്യമാക്കുന്ന ഇതുപോലുള്ള  ഒട്ടനവധി മാര്‍ഗദര്‍ശനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും ഹദീസിലും കാണാവുന്നതാണ്. അവയെക്കുറിച്ച് തുടര്‍  ലക്കങ്ങളില്‍ വായിക്കം, ഇന്‍ ശാ അല്ലാഹ്.
 

പോസ്റ്റ് ഷെയർ ചെയ്യൂ