മുകളിലുള്ള കൈയിന്റെ മേന്മ


നബി? പറഞ്ഞു: ''മനുഷ്യാ, മിച്ചമുള്ളത് ചെലവഴിക്കുന്നത് നിനക്ക് ഗുണകരവും ചെലവഴിക്കാതിരിക്കുന്നത് നിനക്ക് ദോഷകരവുമാണ്. അത്യാവശ്യത്തിന് കരുതിവെക്കുന്നത് ആക്ഷേപാർഹമല്ല. അടുത്തബന്ധുക്കൽനിന്ന് തുടങ്ങുക. താഴെയുള്ള കൈയിനെക്കാൾ ഉത്തമം ഉയർന്നുനിൽക്കുന്ന കൈയാണ്'' (മുസ്ലിം).

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യർ. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവർക്കും ആശ്രയമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നിലനിൽപും പരസ്പരാശ്രയത്തിലൂടെയാണ്. ധനികൻ ധനവായിത്തീർന്നതിനു പിന്നിൽ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടാകും. ദരിദ്രർക്ക് തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്താൻ കഴിയുന്നത് ധനികരുള്ളത് കൊണ്ടാണ്.

ദാരിദ്ര്യവും സമ്പന്നതയും ദൈവിക പരീക്ഷണമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവർ ആ വിഷമാവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ധനികൻ തന്റെ സമ്പന്നതയിൽ മതിമറന്ന് സ്രഷ്ടാവിനെ ധിക്കരിക്കാതിരിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെ ധനം കൊണ്ട് നരകത്തിലെത്തിച്ചേരാനും സ്വർഗത്തിലെത്തിച്ചേരാനും കഴിയുമെന്ന് അവൻ ഗ്രഹിക്കണം. അന്യായമായി സമ്പാദിക്കുകയും അധാർമികതയുടെ മാർഗത്തിൽ ചെലവഴിക്കുകയും ചെലവഴിക്കേണ്ട മാർഗങ്ങളെ അവഗണിക്കുകയും ചെയ്താൽ ധനംകൊണ്ടുള്ള പരീക്ഷണത്തിൽ അവൻ പരാജിതനാണെന്ന് വരുന്നു.

അഗതികളും അശരണരും അനാഥരുമായവരോട് അങ്ങേയറ്റം അനുഭാവം പുലർത്തുവാൻ കൽപിച്ച മതമാണ് ഇസ്ലാം. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്റെ മാർഗത്തിൽ ചെലവഴിക്കുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഇസ്ലാം അറിയിക്കുന്നു.

വിശുദ്ധ ക്വുർആൻ പറയുന്നു: ''അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവർക്ക് ഇരട്ടിയിരട്ടിയായി നൽകുന്നു...'' (2:261).

സത്യമതത്തിനു വേണ്ടിയും സഹജീവികൾക്കു വേണ്ടിയും ചെലവഴിക്കുമ്പോൾ അത് തങ്ങൾകു വേണ്ടിയുള്ള ചെലവഴിക്കൽ തന്നെയാണ്. അഥവാ അതിന്റെ പ്രതിഫലം ചെലവഴിക്കുന്നവർക്കു തന്നെയാണ് എന്നും ക്വുർആൻ ഉണർത്തുന്നു: ''നിങ്ങൾ ധനം ചെലവഴിക്കുന്നുവെങ്കിൽ അത് സ്വന്തം നന്മയ്ക്കു തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചല്ലാതെ നിങ്ങൾ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങളെന്ത് ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങൾക്ക് പൂർണമായും നൽകപ്പെടുന്നതാണ്. നിങ്ങളോട് അൽപം പോലും അനീതി കാണിക്കുകയില്ല'' (2:272).

ഉദാരമതികൾക്കുള്ള പ്രതിഫലത്തെക്കുറിച്ച് ക്വുർആൻ പറയുന്നു: ''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല'' (2:274).

എന്നാൽ ചെലവഴിക്കുന്നത് ലോകമാന്യത്തിനുവേണ്ടിയാകുന്നതും ആർക്കുവേണ്ടി ചെലവഴിച്ചുവോ അവരെ അതിന്റെ പേരിൽ ശല്യപ്പെടുത്തുന്നതും ശിക്ഷാർഹവും കൊടുത്തതിന്റെ കൂലി ഇല്ലാതാക്കുന്നതുമാണെന്ന് ക്വുർആൻ (2:264) മുന്നറിയിപ്പു നൽകുന്നുണ്ട്.

പോസ്റ്റ് ഷെയർ ചെയ്യൂ