‘ദി കേരള സ്റ്റോറി’

‘ദി കേരള സ്റ്റോറി’ എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഐ.എസിലേക്ക് ആയിരങ്ങളെ റിക്രൂട്ട് ചെയ്യുന്നുവെന്നും അതിന് കാരണം ഇസ്ലാമാണ് എന്നുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്.

ഐ. എസ് ഇസ് ലാം വിരുദ്ധ ശക്തികളുടെ ചട്ടുകമാണന്നും അതിന് ഇസ് ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ലോക മുസ് ലിം പണ്ഡിതന്മാർ അത് ഉദയം ചെയ്ത ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം ഇതിനെതിരെ ശക്തമായ കാമ്പയിനുമായി രംഗത്ത് വരികയും ചെയ്തിരുന്നു. പൊതു സമൂഹവും ഈ ആരോപണം തള്ളിക്കളഞ്ഞതാണ്. ഇങ്ങനെയൊരു വിഷയത്തെ മുൻനിർത്തി വീണ്ടും ഇത് കുത്തിപ്പൊക്കുന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തെ മൊത്തത്തിൽ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഗൗരവതരമായ പ്രശ്നമാണിത്.

ഒരു വെടിക്ക് പലതരം പക്ഷികൾ എന്ന് പറഞ്ഞ പോലെ ഈ സിനിമയിലൂടെ കുറെ പക്ഷികളെ ഉന്നം വെച്ചു കൊണ്ടാണ് വെടിവെച്ചിട്ടുള്ളത്. 2024 ലെ തെരഞ്ഞെടുപ്പ് അതിൽ പ്രധാന പക്ഷിയാണ്. ഹിന്ദി ബെൽറ്റിൽ കേരളത്തെക്കുറിച്ച് ഭയപ്പെടുത്തുന്ന കഥ മെനയുന്നതിലൂടെ ലഭിക്കുന്ന നേട്ടം ആർക്കാണന്ന് പറയേണ്ടതില്ലല്ലോ.

കേരളത്തിലാകട്ടെ, വീണ്ടും ചർച്ച വിഭാഗീയതയിലേക്ക് തിരിച്ച് വിട്ട് ലക്ഷ്യം നേടുകയും ആവാം. ഇതെല്ലാം നടന്നാലും ഇല്ലെങ്കിലും സിനിമ ലക്ഷങ്ങളിലേക്ക് എത്തിച്ച് കാശ് പോക്കറ്റിലാകുമെന്നുറപ്പാണ്.

ചാനലുകൾക്ക് റീച്ചും പത്രങ്ങൾക്ക് വായനക്കാരും നേതാക്കൾക്ക് വോട്ടും സിനിമക്കാർക്ക് പണവും ഭരണാധികാരികൾക്ക് തങ്ങളുടെ ന്യൂനതകൾ മറച്ച് വെക്കാനും ചർച്ച വഴി തിരിക്കാനും ഒന്നാന്തരം ചരക്ക് ഇസ് ലാമിൻ്റെയും മുസ് ലിംകളുടെയും നേർക്ക് തിരിഞ്ഞ് നിന്ന് ആരെങ്കിലും കാർക്കിച്ചൊന്ന് തുപ്പിയാൽ മതിയെന്നായിരിക്കുന്നു !

സിനിമാ സംവിധായകൻ തൻ്റെ ഭാഗം ന്യായീകരിക്കാൻ കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്ചുതാനന്ദനേയും ഉമ്മൻ ചാണ്ടിയേയും റഫറൻസായി ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ,

കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽ തീ കോരിയിടുന്ന ഈ സിനിമക്കെതിരെ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടത് വലത് മുന്നണികളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

നേരത്തെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ചർച്ചയായപ്പോൾ അതിൻ്റെ നിജസ്ഥിതി വ്യക്തമാക്കാൻ വൈകിയതുപോലെ ഇത് വൈകരുത്‌. വെള്ളമെല്ലാം ഒഴുകിപ്പോയ ശേഷം തടയണ കെട്ടിയതുകൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല. കേരളത്തെ കുറിച്ച്

വിഷം വമിപ്പിക്കുന്ന കഥകൾ മെനയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്ത് വരണം. പൊതു വിഷയത്തിൽ ഒന്നിച്ച് നിൽക്കണമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാറുള്ള മുസ് ലിം സംഘടനകൾ ഈ വിഷയം വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള സ്‌റ്റെപ്പുകൾ ഇനിയും വൈകിക്കൂടാ.

________________________

TK Ashraf

General Secretary

Wisdom Islamic Organization

പോസ്റ്റ് ഷെയർ ചെയ്യൂ