സ്വര്‍ഗനരകങ്ങളുടെ സവിശേഷത


അല്ലാഹു സ്വര്‍ഗത്തെ പ്രയാസമുള്ള കാര്യങ്ങള്‍കൊണ്ട് മൂടിയിരിക്കുന്നു. അതായത്, സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗം ചില പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടല്ലാതെ കടക്കാനാവില്ല. ആരെല്ലാം അവ മുറിച്ചു കടക്കുന്നുവോ, അവര്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും.

എന്നാല്‍, നരകത്തെ അല്ലാഹു മനുഷ്യരുടെ മനസ്സുകള്‍ക്ക് താല്‍പര്യമുള്ളവകൊണ്ടാണ് മൂടിയിരിക്കുന്നത്. അതിലേക്ക് പെട്ടെന്ന് മനുഷ്യര്‍ വീണുപോയേക്കാം. അവ ചെയ്യുന്നതില്‍ അവന് പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടാകുന്നില്ല; ചിലപ്പോള്‍ ശാരീരികവും മാനസികവുമായ ചില സുഖങ്ങള്‍ അതില്‍ അവന് കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ, അത് പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍; അവന്‍ നരകത്തിന്റെ മറ തുറന്നിരിക്കുന്നു. അതിലേക്ക് അവന്‍ വീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നു.

ഈ നബിവചനത്തിന്റെ പ്രത്യേകതയായി ഇബ്നു ഹജര്‍ അല്‍അസ്‌ക്വലാനി പറഞ്ഞു: ''നബി ? യുടെ 'ജവാമിഉല്‍ കലിമി'ല്‍ പെട്ടതാണ് ഈ ഹദീസ്. (അനേകം ആശയം ഉള്‍ക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള സംസാരത്തിനാണ് 'ജവാമിഉല്‍ കലിം' എന്ന് പറയുക). ദേഹേച്ഛകള്‍-അവയോട് മനസ്സിന് താല്‍പര്യമുണ്ടെങ്കില്‍ കൂടി-അവയെ ആക്ഷേപിക്കുകയും, നന്മകള്‍-അവ മനസ്സിന് വെറുപ്പും ശരീരത്തിന് പ്രയാസവുമുണ്ടാക്കുന്നെങ്കില്‍ കൂടി-അവയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹദീസുകളിലൊന്നാണിത്.''

മനസ്സിന് ഇഷ്ടം തോന്നുന്ന 'ദേഹേച്ഛകള്‍' എന്നത് കൊണ്ടുള്ള ഉദ്ദേശ്യം എന്താണ്? മനസ്സിന് ഇഷ്ടം തോന്നുന്നവ രണ്ട് തരത്തിലാണ്. ഒന്ന്) അല്ലാഹു നിഷിദ്ധമാക്കിയവ. രണ്ട്) അല്ലാഹു അനുവദിച്ചവ.

അല്ലാഹു നിഷിദ്ധമാക്കിയ, എന്നാല്‍ ചിലരുടെ മനസ്സിന് താല്‍പര്യം ഉണ്ടായേക്കാവുന്ന കാര്യങ്ങള്‍ ധാരാളമുണ്ട്. പൊതുവെ നിഷിദ്ധ കാര്യങ്ങളോട് പിശാചിന്റെ പ്രേരണമൂലവും താല്‍പര്യം തോന്നാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് വ്യഭിചാരം. അത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെങ്കിലും മനസ്സുകള്‍ക്ക് അതില്‍ ചിലപ്പോള്‍ താല്‍പര്യം തോന്നിയേക്കാം. പരദൂഷണവും ഏഷണിയും ഇതുപോലെ തന്നെ. അതിനോട് മനുഷ്യന്റെ മനസ്സ് ചിലപ്പോള്‍ നിഷിദ്ധങ്ങളിലേക്ക് ചാഞ്ഞുപോയേക്കാം.

എന്നാല്‍ മനസ്സിന് ഇഷ്ടമുണ്ടാകുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നിരോധിച്ചിട്ടില്ല. ഉദാഹരണത്തിന്; അനുവദനീയമായ ഭക്ഷണം കഴിക്കുകയെന്നത്. നിര്‍ദോഷകരമായതും കളവല്ലാത്തതുമായ തമാശകള്‍; ഉറക്കം, സംസാരം, അനുവദനീയമായ വിനോദങ്ങള്‍ പോലുള്ളവയും അനുവദനീയമായ, മനസ്സിന് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ തന്നെ.

എന്നാല്‍ ഇതുപോലുള്ള, അല്ലാഹു അനുവദിച്ച; മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ എത്ര വേണമെങ്കിലും ചെയ്യാമോ? പാടില്ല. സംസാരവും ഉറക്കവും തമാശയും ഭക്ഷണവുമെല്ലാം വല്ലാതെ അധികരിപ്പിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് (മക്റൂഹ്). അതിരുകവിയുന്നതിനെരിരെ ക്വൂര്‍ആന്‍ ശക്തമായി താക്കീതു നല്‍കുന്നതായി കാണാം. അനുവദനീയമായ കാര്യമാണെങ്കിലും അത് അധികരിപ്പിക്കുന്നത് ചിലപ്പോള്‍ ഹറാമിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്; തമാശ അധികരിച്ചാല്‍ അത് പലപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നതിലേക്കും തരംതാഴ്ത്തുന്നതിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അമിതമായ വിനോദം ഇബാദത്തുകളില്‍ നിന്ന് മനുഷ്യനെ അശ്രദ്ധനാക്കുന്നു. അനാവശ്യമായി സമയം നഷ്ടപ്പെടുത്തലും ഇത്തരം കാര്യങ്ങള്‍ അധികരിപ്പിക്കുന്നതിന്റെ ദോഷഫലത്തില്‍ പെടുന്നു.

ചെയ്യാന്‍ പ്രയാസമുള്ള, മനസ്സിന് വെറുപ്പുള്ള കാര്യങ്ങള്‍ ഏതെല്ലാമാണ്? ഇബാദത്തുകള്‍ നിലനിര്‍ത്തുക, അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കുക, ദേഷ്യം അടക്കിവെക്കുക, ക്ഷമിക്കുക, തിന്മയെ നന്മകൊണ്ട് നേരിടുക, പൊറുത്തു കൊടുക്കുക, ദാനധര്‍മം ചെയ്യുക, തന്നോട് അതിക്രമം പ്രവര്‍ത്തിച്ചവരോടും നന്മ ചെയ്യുക ഇവയെല്ലാം നന്മയാണ്; എന്നാല്‍ ചെയ്യാന്‍ പ്രയാസമുള്ള കാര്യങ്ങളാണ്. മനുഷ്യന്റെ മനസ്സ് സ്വാഭാവികമായും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് അകല്‍ച്ചയും വെറുപ്പും കാണിക്കും; അല്ലാഹുവിന്റെ കാരുണ്യം സിദ്ധിച്ച ചിലര്‍ക്കൊഴികെ തിന്മകളില്‍നിന്ന് വിട്ടുനില്‍ക്കലും മേല്‍ പറഞ്ഞതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന്; വ്യഭിചാരത്തില്‍നിന്ന് അകന്നുനില്‍ക്കല്‍, മറ്റുള്ളവന്റെ സമ്പാദ്യം അന്യായമായി നേടാതിരിക്കുന്നത്, പരദൂഷണവും ഏഷണിയും ഒഴിവാക്കല്‍...

എന്നാല്‍ മനസ്സിന്റെ ഈ ഇച്ഛക ള്‍ക്ക് വിരുദ്ധമായി നിലകൊള്ളുകയും ക്ഷമയോടും സഹനത്തോടും കൂടി അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്, അവന്റെ വിലക്കുകള്‍ വെടിഞ്ഞ് മുന്നോട്ടു പോകാന്‍ കഴിയുകയും ചെയ്യുന്നവര്‍ക്കാണ് സ്വര്‍ഗ പ്രവേശനമുണ്ടായിരിക്കുക.

മനുഷ്യന്റെ മനസ്സില്‍ ദേഹേച്ഛകളോട് താല്‍പര്യവും ചായ്വുമുണ്ടാകുമെന്ന് സൂചിപ്പിച്ചു. ദേഹേച്ഛകളെ വെറുക്കാനും അകറ്റിനിര്‍ത്താനും കഴിയണം. ഒരാളുടെ മനസ്സില്‍ ഈമാന്‍ ഉറച്ചുകഴിഞ്ഞാല്‍ സ്വാഭാവികമായും തിന്മകളെ അവന്‍ വെറുത്തു തുടങ്ങും. എന്നാല്‍, ഈമാന്‍ ശക്തിപ്പെടുത്താതെ, അതിനെ ശ്രദ്ധിക്കാതെ വിട്ടാലാകട്ടെ; തിന്മകളോട് അതിന് താല്‍പര്യം വര്‍ധിക്കുകയും ചെയ്യും.

സ്വഹാബികളെ കുറിച്ച് അല്ലാ ഹു പറഞ്ഞതു നോക്കൂ: ''എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍'' (ക്വുര്‍ആന്‍ 49:7).

ഹറാമിന്റെ പരിണിത ഫലങ്ങളെ കുറിച്ചുള്ള ചിന്തയും അതിനെ വെറുക്കാന്‍ മനസ്സിനെ ശീലിപ്പിക്കും. കാരണം, ഏതൊരു നിഷിദ്ധമായ കാര്യമാകട്ടെ; അതുകൊണ്ട് ലഭിക്കുന്ന സുഖം കുറച്ചു കഴിഞ്ഞാല്‍ പ്രയാസങ്ങള്‍ കൊണ്ടുവരാതിരിക്കില്ല. മനസ്സിന്റെ കാഠിന്യവും സങ്കടവും വിഷമവുമെല്ലാം തിന്മയുടെ ശേഷം വരുന്ന ചില ഫലങ്ങള്‍ മാത്രം. അതിനെല്ലാം പുറമെ പരലോകത്ത് ലഭിക്കാനിരിക്കുന്ന ശിക്ഷ വേറെയും. ഇവ ഓര്‍ക്കുന്നത് ഹറാമിനെ വെറുക്കാന്‍ സഹായിക്കും.

ചെറുപ്രായം മുതല്‍തന്നെ ഹറാമില്‍നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുകയും, അതിന്റെ ഗൗരവം മനസ്സില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതും ഉപകാരപ്രദമാണ്. സച്ചരിതരായ കൂട്ടുകാരും തിന്മയില്‍ നിന്ന് അകറ്റി നിര്‍ത്തും. മനസ്സില്‍ തട്ടിയുള്ള പ്രാര്‍ഥനയും കൃത്യനിഷ്ഠയോടെയും ആത്മാര്‍ഥമായും നമസ്‌കരിക്കുന്നതും സ്ഥിരമായുള്ള ക്വുര്‍ആന്‍ പാരായണവുമെല്ലാം തിന്മകളെ വെറുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളാണ്.

മനസ്സില്‍ നന്മകളോട് ഇഷ്ടമുണ്ടാകുന്നത് എങ്ങനെ? ഏതൊരു നന്മയും സ്രഷ്ടാവായ അല്ലാഹുവിന് ഇഷ്ടവും തൃപ്തിയുമുണ്ടാക്കുന്നുണ്ടെന്ന ഉറച്ച ബോധ്യം നന്മകളിലേക്ക് നമ്മെ അടുപ്പിക്കും. നാം ഏതൊരു നന്മ ചെയ്യുമ്പോഴും അല്ലാഹു നമ്മെ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ട്. അവനിലേക്ക് നാം മുമ്പുള്ളതിനെക്കാള്‍ അടുക്കുന്നുണ്ട്. ഈ ചിന്ത നന്മകളോടുള്ള ഇഷ്ടം വളര്‍ത്തും. ഏതൊരു നന്മയും നമ്മുടെ റസൂല്‍ ? അതിന്റെ പൂര്‍ണമായ രൂപത്തില്‍ ചെയ്തു കാണിച്ചിരിക്കുന്നു. അവിടുത്തോടുള്ള നമ്മുടെ സ്നേഹം എത്രമാത്രം വര്‍ധിക്കുന്നോ; അത്രമാത്രം അവിടുത്തെ പിന്‍പറ്റി ജീവിക്കാനുള്ള നമ്മുടെ മോഹവും വര്‍ധിക്കും.

ആരാധനകള്‍ അത് വളരെ കുറച്ചാണെങ്കിലും സ്ഥിരമായി ചെയ്യുക എന്നതും ഉപകാരപ്രദമായ മറ്റൊരു വഴിയാണ്. സ്ഥിരമായി ഇബാദത്തുകള്‍ ചെയ്യുന്നത് ശീലമാക്കിയാല്‍ പിന്നീട് അത് ഒഴിവാക്കുന്നതായിരിക്കും നമുക്ക് പ്രയാസമാവുക. നബി ? ക്ക് നമസ്‌കാരത്തിലായിരുന്നു കണ്‍കുളിര്‍മ ലഭിച്ചിരുന്നത് എന്ന ഹദീസ് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

സ്വര്‍ഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്നാണ് അഹ്ലുസ്സുന്ന വല്‍ജമാഅയുടെ അക്വീദ(വിശ്വാസം). അതിലേക്കുള്ള സൂചന ഈ ഹദീസിലുണ്ട്. വിധിവിശ്വാസത്തെ നിഷേധിച്ച പിഴച്ച കക്ഷിയായ 'ക്വദ്രിയ്യാ'ക്കളും ബുദ്ധിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാധാന്യം നല്‍കിയ 'മുഅ്തസില' വിഭാഗവുമല്ലാതെ ഇക്കാര്യം നിഷേധിച്ചിട്ടില്ല.

പോസ്റ്റ് ഷെയർ ചെയ്യൂ