സമുദായത്തിനകത്ത് ഫാസിസ്റ്റു വിരുദ്ധ മുന്നേറ്റത്തിന് വിള്ളൽ വീഴ്ത്താൻ സാധ്യതയുള്ള ഏതൊരു നീക്കവും ജാഗ്രതയില്ലാത്തതും ആത്മഹത്യാപരവുമാണ്

ഫാസിസം ഒരു ഭാഗത്ത് ഞങ്ങൾ ഹിന്ദുത്വരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് എന്ന് സ്വന്തം അനുയായികളെ ബോധ്യപ്പെടുത്താൻ ഉതകുന്ന നിയമനിർമാണങ്ങൾ നടത്തുകയും ന്യൂനപക്ഷ വേട്ട തുടരുകയും ചെയ്യുന്നു.

ഈ മാസം 19ന് 79 ക്രൈസ്തവ സംഘടനകൾ ജന്തർമന്ദറിൽ വൻപ്രതിഷേധം തീർക്കാൻ ഇടയാക്കിയ നിരവധി സംഭവങ്ങൾ ഇതിൻ്റെ തെളിവാണ്. 2022 ൽ മാത്രം 597 ആക്രമണങ്ങൾ അവർക്ക് നേരെ ഉണ്ടായിട്ടുണ്ട്.1198 പള്ളികളും സ്ഥാപനങ്ങളും

ആക്രമിക്കപ്പെട്ടു.

ഈ റാലിക്ക് ഏതാനും ദിവസം മുമ്പ് ഹരിയാന, രാജസ്ഥാൻ അതിർത്തിയിൽ പശുക്കടത്ത് ആരോപിച്ച് ബജ്റംഗ്ദളിൻ്റെ ഗോ രക്ഷാസേന രണ്ട് മുസ് ലിം യുവാക്കളെ കാറിലിട്ട് ചുട്ടുകൊന്നത് ഈ ശ്രമത്തിൻ്റെ മറ്റൊരു തെളിവാണ്. ഇതിന് മുമ്പും ഇതുപോലെ നിരവധി സംഭവങ്ങൾ നാം കണ്ടതാണ്.

മറുഭാഗത്ത്, കൃത്രിമമായ പൊതുബോധ നിർമിതിയിലൂടെ എതിർ ശബ്ദങ്ങളുടെ നാവരിഞ്ഞ് മോദി പ്രഭാവത്തെ ഉയർത്തിക്കാണിച്ച് ഭൂരിപക്ഷ സമുദായത്തിലെ ഇനിയും വർഗീയവൽക്കരിക്കാത്തവരെ കൂടി, കൂടെ നിർത്താനാവശ്യമായ അജണ്ടയുമായി മുന്നേറുന്നു.

അതോടൊപ്പം, മതനിരപേക്ഷ കക്ഷികളെ ഒരു തരത്തിലും ഐക്യപ്പെടാൻ സമ്മതിക്കാത്ത വിധം കുതിരക്കച്ചവടത്തിലൂടെ പണമിറക്കിയും ഭീഷണിപ്പെടുത്തിയും ഭിന്നിപ്പിച്ച് നിർത്തുന്നു.

അതേസമയം തന്നെ, പ്രബല ന്യൂനപക്ഷ സമുദായങ്ങളെ (ക്രൈസ്തവ - മുസ്ലിം) തമ്മിലടിപ്പിക്കാൻ പാകത്തിൽ കരുക്കൾ നീക്കുന്നു. ഒരു പടികൂടി കടന്നുകൊണ്ട്, മുസ് ലിം സംഘടനകൾക്കിടയിൽ പരസ്പരം വൈരമുണ്ടാക്കുന്നതിനാവശ്യമായ കുതന്ത്രങ്ങൾ മെനയുന്നു. മുമ്പ് CAA വിഷയത്തിൽ മതേതര കക്ഷികളിലും വിശിഷ്യാ മുസ്‌ലിം സംഘടനകളിലും ഫാസിസത്തിനെതിൽ ഉയർന്ന് വന്ന യോജിപ്പിൻ്റെ അന്തരീക്ഷം തകിടം മറിക്കാൻ ഈ തന്ത്രത്തിലൂടെ സാധിക്കുന്നു.

ഇതെല്ലാം 2024 ൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ചുവടുവെപ്പാണന്ന് എല്ലാവർക്കുമറിയാം. അദാനിയുടെ തകർച്ച ഭരണകൂടത്തിൻ്റെ കൂടി തളർച്ചയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മതനിരപേക്ഷ കക്ഷികൾ അജണ്ട സെറ്റ് ചെയ്യേണ്ട സമയമാണിത്. അതിന് പകരം ഫാസിസത്തിൻ്റെ പേരിൽ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന പ്രവണത ഫാസിസത്തിന് മാത്രമേ ഗുണം ചെയ്യുകയുള്ളൂ.

മുസ്ലിം സംഘടനാ നേതൃത്വങ്ങൾ ഫാസിസത്തിൻ്റെ പുതിയ നീക്കത്തെ തിരിച്ചറിഞ്ഞ് പരസ്പരം ചെളിവാരിയെറിയാതെ എതിർ സ്ട്രാറ്റജി ഉണ്ടാക്കണം. സാമുദായിക രാഷ്ട്രീയ സംഘടന ഇതിന് മുൻകയ്യെടുക്കണം. സമുദായത്തിനകത്ത് ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റത്തിന് വിള്ളൽ വീഴ്ത്താൻ സാധ്യതയുള്ള ഏതൊരു നീക്കവും ജാഗ്രതയില്ലാത്തതും ആത്മഹത്യാപരവുമാണ്.

പോസ്റ്റ് ഷെയർ ചെയ്യൂ